ഗോവയിൽ വിഖ്യാതപ്പെട്ട സിനിമകളൊന്നും കാണാൻ സാധിച്ചില്ല. ചലച്ചിത്രോത്സവത്തിന്റെ ആദ്യനാളുകൾ കഴിഞ്ഞതിനുശേഷമാണ് എത്തിയത്. രണ്ടു ദിവസം മുമ്പെ കേരളത്തിലേക്കു തന്നെ തിരികെയെത്തുകയും ചെയ്യേണ്ടി വന്നു. എന്റെ കൂടെ ചേക്കേറിയ മൂന്നു സിനിമകളെ സംബന്ധിച്ച ആലോചനകളാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം.മനുഷ്യന്റെ ആന്തരിക ലോകത്തെ സംഘർഷങ്ങൾ ഉൾച്ചേർന്ന റെഡ് സ്കൈ, ബോൺസായി, ഇറാൻ സിനിമയുടെ നീട്ടിവെക്കൽ സാധ്യമാക്കിയ ‘ഗോൾചെറാ’ എന്നിവയായിരുന്നു അവ.
(Redsky-2011/105mins/Greek, Bonsai-2011/95min/Spanish-Golchehreh-2011/108/min/Farsi) ലെയായുർഗ് , ക്വസ്റ്റ്യൻജിമ്നസ്, വാഹിദ് ഹുസ്സെൻ എന്നിവരാണ് യഥാക്രമം ഈ സിനിമകളുടെ സംവിധായകർ.
റെഡ്സ്കൈ രണ്ടു സുഹൃത്തുക്കൾക്കിടയിലുള്ള ആത്മബന്ധത്തിന്റെ ആവിഷ്കാരമാണ്. ഗ്രാമത്തിലേക്ക് ചേക്കേറി സൗഹൃദവും ജീവിതവും കരുപ്പിടിപ്പിക്കുന്ന വ്യത്യസ്ത മനോഭാവക്കാരായ രണ്ടു പേർ. അവരുടെ സൗഹൃദത്തിനിടയിലേക്ക് ഒരു ജർമ്മൻ പെൺകുട്ടി പ്രവേശിക്കുന്നതിനെ തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ. അത് ശാരീരികം മാത്രമല്ല, ആന്തരികവും മാനസികവും കൂടിയാണ്. അത് ഏറ്റവും സൗന്ദര്യാത്മകമായി പകർത്താൻ അപാരമായ ഇന്റലക്ച്വൽ കരവിരുതുള്ള സംവിധായകനെ സാധിക്കൂ. ഈ സിനിമയുടെ സംവിധായകനു നൽകണം അങ്ങനെയൊരു പട്ടമുണ്ടെങ്കിൽ. രണ്ടു പുരുഷന്മാർക്കിടയിൽ പെട്ടു പോകുന്ന പെൺകുട്ടി പ്രണയെന്താണെന്ന് നമ്മെ അനുഭവിപ്പിക്കുന്നു. അതിനു പകരം വെക്കാൻ, തുടർച്ചയാവാൻ വിവാഹമോ സെക്സോ ഒന്നും പര്യാപ്തമല്ലെന്ന് പറയാതെ പറയും ഈ സിനിമ. സിനിമയിലെ ‘മാർസ്’ സൂഹൃത്തിനോട് ചോദിക്കുന്നു. “ ഞാൻ നിനക്ക് അവളെ ഷെയർ ചെയ്യണമെന്നാണോ നിന്റെ ആവശ്യം?” പാശ്ചാത്യ – യൂറോപ്യൻ സംസ്കാരം ഷെയർ ചെയ്യുന്നവരുടേതാണെന്നാണല്ലോ നാം ഇപ്പോഴും കുട്ടികളോട് പറയാറുള്ളത്.
‘ബോൺസായ്’ സർഗ്ഗാത്മകതയെ സംബന്ധിച്ച വ്യാഖ്യാനങ്ങളാണ്. നായകൻ തന്റെ ഫിക് ഷൻ പുറത്തുവരാൻ വേണ്ടി അനുഭവിക്കുന്ന പേറ്റുനോവ് ഈ സിനിമയിലുണ്ട്. ഗേൾഫ്രണ്ടുമായുള്ള ലൈംഗികതയിലും, ആലോചനകളുടേയും ചിന്തകളുടേയും കൂർമ്മതയിലും തന്റെ സർഗ്ഗസൃഷ്ടിയെ പുറത്തുകൊണ്ടുവരാൻ സാധിക്കാതെ ഓർമ്മകളിലേക്ക്, അതിന്റെ ഭൂതകാലത്തിലേക്ക് ആഴ്ന്നിറങ്ങി സർഗ്ഗാത്മകതയുടെ ആവിഷ്കാരം പുറത്തുകൊണ്ടുവരാനുള്ള ശ്രമം. അല്ലെങ്കിലും പ്രണയവും ഗൃഹാതുരതയുമെല്ലാം നിർമ്മിക്കപ്പെടുന്നത് അനുഭവങ്ങൾക്കു ശേഷമാണല്ലോ. നമുക്കേറ്റവും പ്രിയപ്പെട്ട കാലത്തിലൂടെ സഞ്ചരിക്കുമ്പോൾ നാം തിരിച്ചറിയില്ല സഞ്ചരിക്കുന്നത് നക്ഷത്രങ്ങൾ നിറഞ്ഞ നീലാകാശത്തിനു കീഴെയുള്ള കടൽക്കരയിലൂടെയാണെന്ന്. അക്കാലം കഴിഞ്ഞ് കടൽക്കരയിലൂടെ എത്ര നടന്നാലും ആകാശം നമുക്ക് പഴയ നക്ഷത്രങ്ങളെ പ്രസവിക്കില്ല. ഓരോ പ്രണയകാലവും അങ്ങിനെയാണ്. അനുഭവങ്ങൾ പുന:സൃഷ്ടിക്കാനുള്ളതല്ല. അത് ഗൃഹാതുരമായൊടുങ്ങാനുള്ളതാണ്. ഒരു ചട്ടിയിലെ ബോൺസായി വൃക്ഷം പോലെയാണ് ജീവിതം എന്ന് പറയാതെ പറഞ്ഞ് അവസാനിപ്പിച്ച ഈ സിനിമ പൂർണമായത് എന്റെ ഹൃദയത്തിലാണ്.
‘വാഹിദ് ഹുസൈൻ’ എന്ന് അധികമാരും കേട്ടിട്ടില്ലാത്ത സംവിധായകന്റെ സിനിമ ഗോൽചെരെ സമകാലിക ഇറാൻസിനിമയുടെ നീട്ടിവെക്കലാണ്. ഇറാൻ ജനത പല അർത്ഥത്തിലും സാംസ്കാരിക നിയന്ത്രണ രേഖയ്ക്കകത്ത് കഴിയാൻ വിധിക്കപ്പെട്ടവരാണ്. അവരും സിനിമയെടുത്തോ? എന്നതായിരുന്നു ആദ്യകാല ഇറാൻ സിനിമകളോടുള്ള നമ്മുടെ നമ്മുടെ കൗതുകനെങ്കിൽ പേർഷ്യൻ സമ്പന്നതയുടെ സൗന്ദര്യം നമ്മളുടെതിനെക്കാളുമൊക്കെ എത്രയോ ശ്രേഷ്ഠമാണെന്ന് പല അർത്ഥത്തിലും നമ്മെ അത്ഭുതപ്പെടുത്തിക്കളയാൻ പോരുന്നതാണ് ഈ ചിത്രം. തുറന്നുമാത്രമല്ല, മറച്ചുവെച്ചും നമുക്ക് കാര്യം പറയാം. ‘ഞാനൊരു കാര്യം പറയട്ടെ?’ എന്ന് ഇടയ്ക്കു പറഞ്ഞ് കാര്യം പറയാതെ, വാനക്കാരെ ദു:ഖത്തിലാഴ്ത്തി മരിച്ചു പോയ ബഷീറിന്റെ സുഹ്റയെ ഓർമ്മിപ്പിച്ചു ഇതിലെ നായകൻ അഷ്റഫ് ഖാൻ. സിനിയും സംഗീതവും സാഹിത്യവും പ്രണയിച്ച ഇതിലെ ഓരോ കഥാപാത്രവും നമ്മുടെ ഹൃദയവുമായാണ് സംവദിക്കുക. താലിബാൻ ഭരണകൂടം ടെലിവിഷനും സിനിയും സാഹിത്യവും നശിപ്പിക്കുന്നതും അതിനെ തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ഗോൽചെറ ആവിഷ്കരിച്ചത്. സത്യജിത് റേയുടെ ചെസ്സ് മാസ്റ്ററടക്കമുള്ള ലോക ക്ലാസിക് സിനിമകൾ താലിബാൻ മനോഭാവത്തിൽനിന്ന് സംരക്ഷിക്കാൻ ‘വൻമതിൽ’ പണിയുന്ന അഷ്റഫ്ഖാനും സുഹൃത്തുക്കളും കാഴ്ചയുടെ ഹൃദയത്തെ തന്നെയല്ലേ ആവിഷ്കരിച്ചത്? ഏത് താലിബാനാണ് മനുഷ്യന്റെ ഹൃദയാവിഷ്കാരങ്ങൾ ബോംബിട്ട് തകർക്കാനാവുക? ബോംബ്സ്ഫോടനത്തിൽ കൊല്ലപ്പെട്ട 10 വയസ്സുകാരന്റെ ശവശരീരത്തിനു സമീപം നിന്ന് അഷ്റഫ്ഖാൻ കരയുന്നതിങ്ങനെ ‘ജീവിതത്തിൽ അഞ്ചു നിമിഷം പോലും ആസ്വദിക്കാതെയാണല്ലോ ദൈവമേ ഈ കുട്ടി മരിച്ചുപോയത്.’
ഹൃദയാവിഷ്കാരങ്ങൾ ബോംബിട്ടു തകർക്കുന്നത് ഏതു താലിബാനായാലും ഏതെങ്കിലും അമേരിക്ക വന്ന് അവരെ നിഗ്രഹിക്കട്ടെ എന്നാണ് ഇറാന്റെ ഹൃദയം വെമ്പുന്നതെന്ന് ഈ സിനിമ അവസാനിക്കുന്നു. ഇറാനിൽ സനിമക്ക് ഒരുപാട് നിയന്ത്രണങ്ങളുണ്ട്. ഔട്ട് ഡോർ ഷൂട്ട് അനുവദിക്കില്ല. സ്ത്രീകൾക്ക് കൃത്യമായ ഡ്രസ് കോഡ്, പുരുഷൻ സ്ത്രീയെ സ്പർശിക്കുന്നതിന് നിയന്ത്രണം. അങ്ങിനെയങ്ങിനെ. ചില അടച്ചു വെക്കലുകൾ കൊണ്ട് തുറസ്സുകളെ ആവിഷ്കരിക്കുന്ന മാന്ത്രിക വിദ്യയാണ് വാഹിദ് ഹുസൈൻ ഇവിടെ പ്രയോഗിച്ചത്. പ്രണയവും രാഷ്ട്രീയവും ബന്ധങ്ങളുമെല്ലാം ഇങ്ങിനെയും ആവിഷ്കരിക്കാമെന്നും അതിന് മാധുര്യമേറുമെന്നുമാണ് ഗോൾചെരെ നമ്മെ അനുഭവിപ്പിക്കുന്നത്.
ഗോവയിൽ ‘സ്നാനപ്പെട്ട്’ തിരിച്ചെത്തി ഇനി ഞാൻ വീട്ടിലേക്കില്ല എന്ന ഭാവത്തിൽ കോഴിക്കോട്ടെ അളകാപുരിയിൽ ചെലവഴിച്ച ഒരു ദിനത്തിനുകൂടി ഈ കുറിപ്പിൽ പ്രസക്തിയുണ്ട്. മലയാളസിനിമയെക്കുറിച്ചുള്ളതായിരുന്നു എന്റെ ആലോചനകൾ മുഴുവൻ. റെഡ് സ്കൈ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. നായികയുമായുള്ള ആന്തര പ്രശനങ്ങൾക്കിടയിൽ തകർന്നപോവുന്ന സ്റ്റീലിയോസ് എന്ന കഥാപാത്രം തന്റെ വിളവ് വിൽക്കാൻ മാർക്കറ്റിൽ വന്നതാണെന്നൊക്കെ മറന്ന് അവിടെ കണ്ടുമുട്ടുന്ന കോർസോവ എന്ന ജർമ്മൻ പെൺകുട്ടിയുമായി തർക്കത്തിലേർപ്പെടുന്നു. എത്ര തവണ വിളിച്ചിട്ടും വില്പനയുടെ വിലപേശലുകളിലേക്കെത്താത്തതിനാൽ കിട്ടിയ പണത്തിന് വേലക്കാരൻ അതു വിൽക്കുന്നു. വേലക്കാരനാവശ്യമായ പണം സ്റ്റീലിയോസ് ഒരു കെട്ടെടുത്ത് നല്കുന്നു. മറ്റൊരിടത്ത് സംഘർഷത്തിൽ പെട്ട മാർസിനു നേരെ സുഹൃത്ത് സ്റ്റീലിയോസ് പണക്കെട്ട് വലിച്ചെറിയുന്നുണ്ട്. അത് റോഡിൽ നനഞ്ഞു കുതിർന്നങ്ങനെ പറന്നു കളിക്കുന്നു. മലയാളസിനിമ ഇങ്ങനെയുള്ള രംഗങ്ങൾ ആവിഷ്കരിക്കുക മുദ്രാവാക്യപ്രായമായ ഡയലോഗുകൾ കൊണ്ടാണ്. ‘ബന്ധങ്ങൾക്കു മുമ്പിൽ പണമൊന്നും അവർക്ക് പ്രശ്നമല്ലായിരുന്നു…..’ എന്നൊക്കെ നെടുനീളൻ ഡയലോഗുകൾ താരത്തെക്കൊണ്ട് കൊട്ടിഘോഷിക്കും. ദൃശ്യങ്ങളുടെ ശക്തി പല മലയാള സംവിധായകരും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരർത്ഥത്തിൽ വിനയനടക്കമുള്ള പല സംവിധായകരും ‘പണ്ഡിറ്റു’മാരാണ്. അത് ഒരു പണ്ഡിറ്റ് തുറന്നുകാട്ടി എന്നതു മാത്രമാണ് പണ്ഡിറ്റിന്റെ പ്രസക്തി.
ഇന്ന് ബ്യൂട്ടിഫുൾ എന്ന സിനിമ കാണും. അനൂപ് മേനോൻ എന്ന സ്ക്രിപ്റ്റ് റൈറ്ററിൽ എനിക്കു പ്രതീക്ഷയുണ്ട്. മലായള സിനിമയിലെ ഇന്റലക്ചലാണയാൾ. ‘ബ്യൂട്ടിഫുൾ’ അടുത്ത ബ്ലോഗിൽ വിലയിരുത്തപ്പെടും, തിരുവനന്തപുരം IFFK കഴിഞ്ഞ്.
ഡോക്ടർ എൻ. വി. മുഹമ്മദ് റാഫി
നെല്ലട്ടാം വീട്ടിൽ
നടുവണ്ണൂർ - 673614
ഫോൺ - 9447275854