Monday, January 13, 2014
Saturday, January 11, 2014
കുടുംബ അധികാരശ്രേണിയിലെ അധീശപുരുഷൻ/ദൃശ്യം എന്ന ചലചിത്രം.
--------------------------------------------------------------------------------------------------------.മലയാളികുടുംബ കാഴ്ചയുടെ ജനപ്രിയത പ്രഖ്യാപിക്കുന്ന ചലചിത്രമാണ് ദൃശ്യം.അത് കാഴ്ചയുടെ യാഥാസ്ഥികതയെ വീണ്ടും ഉറപ്പിക്കുന്നു.പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആയിരുന്ന സിനിമയിലെ മലയാളിപ്പെണ്ണിനെ വീണ്ടെടുക്കുന്നു.അതാണ് കുടുംബ സമൂഹങ്ങളിലെ പുരുഷ അധികാര ശ്രേണി ആഗ്രഹിക്കുന്നത് എന്ന് സ്ത്രീ വിരുദ്ധമാവുന്നു.ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന നായകന്റെ കുടുംബത്തിലേക്ക് ഒരു ചെറുപ്പകാരന്റെ കടന്നു വരവ് സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
ലൈംഗികഅതിക്രമത്തിനു മുതിരുന്ന കൌമാരക്കാരനെ തിരുത്താനോ പ്രതിരോധിക്കാനോ അമ്മയ്ക്കും മകൾക്കും സാധിക്കുന്നില്ല.ഇതിനിടയിൽ അവർക്ക് സംഭവിച്ച കയ്യബദ്ധം ജീവിതത്തെ മാറ്റിമറിക്കുന്നു.പുരുഷന്റെ/ അച്ഛന്റെ [ഭർത്താവിന്റെ] പ്രസ്തുത സന്ദർഭത്തിലെ അഭാവമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം എന്ന് കാഴ്ച ക്കാർക്ക് തോന്നുന്ന കൃത്യത ചലചിത്രത്തിൽ കാണാം.രക്ഷിക്കപെടേണ്ടവൾ എന്ന സാംബ്രധായിക പരികൽപ്പനയിൽ സ്ത്രീയെ ഉറപ്പിച്ചുനിർത്തുകയും കുടുംബം അതിനകം [പുരുഷന്റെ അഭാവമില്ലാത്തത്] മാത്രമാണ് സ്ത്രീസുരക്ഷയെ പ്രദാനം ചെയ്യുന്നത് എന്ന വിധിന്യായം ഉൾചേർക്കുകയും ചെയ്യുന്നു.പൊതു ഇടം സ്ത്രീക്ക് അരക്ഷിതമാണെന്നും ഉടയോൻ ഇല്ലാത്ത സ്ത്രീ അതിക്രമത്തെ നേരിടാൻ കെൽപ്പില്ലാത്ത യുക്തിയില്ലാത്തവൾ ആണെന്നും അത് പറയാൻ ശ്രമിക്കുന്നുണ്ട്.സ്ത്രീയുടെ സ്വതന്ത്രലോകത്തെയോ വ്യക്തിത്വത്തെയോ ഈ ചലചിത്രം അഭിമുഖീകരിക്കുന്നില്ല.മിക്ക ജനപ്രിയ ആഖ്യാനങ്ങളിലും കാണാൻ കഴിയുന്നപോലെ അവളുടെ ശരീരത്തെ / അതുമായി ബന്ധപ്പെട്ട വ്യവഹാരത്തെ അത് പ്രതിലോമപരമായി പ്രശ്നവൽക്കരിക്കുന്നു.ലൈംഗികതയുമായി ബന്ധപ്പെട്ടു സ്ത്രീ നേരിടേണ്ടി വന്നേക്കാവുന്ന അതിക്രമത്തെ സൂചിപ്പിച്ചു രക്ഷകനെ കാണിക്കുന്നു.പുരുഷൻ എന്ന നായകശരീരം മലയാള സിനിമയിൽ വീണ്ടും പഴയ വീഞ്ഞായി നിറയുന്നു.അതെ രുചി, അതെ നിറം.ആ നായകന്റെ അഭാവം ഉണ്ടാക്കി എന്ന് വിളിച്ചുപറയാൻ ശ്രമിക്കുന്ന സ്ത്രീഅരക്ഷിതാവസ്ഥ കണ്ട് ആത്മരതി പുൽകാൻ സീരിയലുകളിൽ തളക്കപ്പെട്ട മലയാളി പ്രെക്ഷകർ ഒന്നാകെ സിനിമാശാലകളിലേക്ക് തിരിച്ചെത്തുന്നു .പുറത്തെ കൊടും തണുപ്പിലേക്ക് / രാഷ്ട്രീയ ആലോചാനകളിലേക്ക് മറ്റു പൊതു ഇടങ്ങളിലേക്ക് ഇറങ്ങി പോയേക്കാവുന്ന തങ്ങളുടെ പെണ്മക്കളെ കുറിച്ച് ഉല്കണ്ടപ്പെടുന്ന ആണ്ശരീരമാണ് ദൃശ്യ ത്തിലെ നായകൻ.സ്ത്രീയുടെ ആഭ്യന്തരസുരക്ഷയെ വ്യാജമായി ഓർമ്മപ്പെടുത്തുന്ന പുരുഷ ബോധമാണ് ഈ ചിത്രം !
പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തി പൂന്തിങ്കൾ ആയി കാത്തിരിക്കേണ്ട ഭാര്യ തന്നെയാണ് ഈ ചിത്രത്തിലെ ഭാര്യ!പുതു മലയാള സിനിമയിൽ ഈ വട്ടത്തിൽ നിന്നും ഇറങ്ങി പോയ പെണ്കുട്ടികളെ വീണ്ടും കുടുംബത്തിലേക്ക് തിരിച്ചു വിളിക്കാൻ സുരക്ഷ നെൽകാൻ ഉള്ള ശ്രമങ്ങളാണ് ആ പഴയ നായക /താര ശരീരം നടത്തുന്നത്.
ഒരു സമൂഹസ്ഥാപനം എന്ന നിലക്ക് കുടുംബം അതിന്റെ സ്ത്രീവിരുദ്ധഘടന യാഥാസ്തികമായി പ്രേക്ഷേപിക്കുന്നു എന്ന നിലക്ക് കൂടിയാണ് ദൃശ്യം എന്ന ചിത്രം അതിന്റെ പോപുലിസ്റ്റ് രാഷ്ട്രീയം പ്രഖ്യാപിക്കുന്നത്.സ്ത്രീകൾ മാത്രമുള്ള കുടുംബം ,സ്ത്രീയും പുരുഷനും അധീഷത്വം പ്രഖ്യാപിക്കാത്ത തുല്യതാസങ്കൽപ്പത്തിൽ ഉള്ചെർന്ന ആധുനിക കുടുംബവീക്ഷണം ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയും അത് പുരുഷരക്ഷിതാവിന്റെ തണലിൽമാത്രം നിലനില്ക്കുന്ന ഒന്നാണ് എന്ന് പ്രത്യക്ഷമായിതന്നെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നിടത്ത് അതിന്റെ സ്ത്രീവിരുദ്ധത പൂർണമാവുന്നു.
Subscribe to:
Comments (Atom)
