
ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവവുമായി ബന്ധപ്പെട്ട ഓര്‍മ്മകളും അനുബന്ധ ചിന്തകളുമാണ് ഈ കുറിപ്പിനാധാരം. അരാജക വാദികളുടെ മണ്ഡലകാലവും പ്രണയങ്ങളുടേയും, സൗഹൃദങ്ങളുടേയും കൂട്ടായ്മകളുടേയും ലൈംഗികതയുടേയും സുരപാനത്തിന്റേയും കുടിയേറ്റ കാലവുമാണ് ഡിസംബറിലെ തണുപ്പുകാലം. ഇത്തവണ രണ്ട് സിനിമകള്‍ക്കാണ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇടിച്ചു തള്ളിയത്. വൈന്‍ , ജസ്റ്റ് ബിറ്റ്വീന് അസ് എന്നിവയാണവ. രണ്ട് സിനിമകളിലും ലൈംഗികത കേന്ദ്ര കഥാപാത്രമായി വരുന്നു. തൂവാനത്തുമ്പികളില്‍ മഴ കഥാപാത്രമാവുന്നതുപോലെ ഈ സിനിമകള്‍ മലയാളി പ്രേക്ഷകര്‍ക്കുമേല്‍ ഉപരിസുരതം നടത്തുന്നതെന്താണ്?
തിരുവനന്തപുരത്തെ ഏതോ സര്‍ക്കാര്‍ ഓഫീസില്‍നിന്നും അര ലീവെടുത്ത് 'ഇതില്‍ വല്ലതും കാണുമോ സാറേ' എന്നന്വേഷിച്ച സുഹൃത്ത് പരിചയത്തിനൊടുവില്‍ ചോദിച്ചത്- 'നിങ്ങള്‍ കോഴിക്കോട്ടുനിന്നും എന്തുകാര്യം നടത്താന്‍ വന്നപ്പഴാ സിനിമക്കുകയറിയത്' എന്നാണ് ഇവിടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരാഴ്ചക്കാലം ഇക്കാര്യത്തിനു മാത്രമായി കൂടാറുണ്ടെന്നും ഒരു വര്‍ഷം സ്വരൂപിച്ച പണവുമായി ഇങ്ങോട്ട് ശബരിമലക്ക് എത്തുന്നതുപോലെ മലബാറില്‍നിന്നും ആയിരക്കണക്കിന് ആളുകള്‍ മലകയറാറുണ്ടെന്നും പറഞ്ഞപ്പോള്‍ മൂക്കത്തു വിരല്‍വച്ച സുഹൃത്തിനോട് പറഞ്ഞു. 'പേരാമ്പ്രയിലെ മൂത്രപ്പുരക്കു പോലും ഇപ്പോഴും എഴുപതുകളിലെ ബുദ്ധിജീവികളുടെ മൂത്രമണമുണ്ടെന്ന്'.
എന്തുകൊണ്ടാണ് മലയാളി പെണ് സൗഹൃദങ്ങള്‍ , പ്രണയം, സെക്സ്, മദ്യം തുടങ്ങിയ കാര്യങ്ങളില്‍ ഇത്ര ദരിദ്രമായ ഭാവുകത്വമുള്ളവരായിപ്പോയത് എന്നത് സാംസ്കാരിക പഠന വിദഗ്ധര്‍ തലപുകഞ്ഞാലോചിക്കേണ്ട ഒരു വിഷയമാണ്. പല കാര്യങ്ങളിലും അടഞ്ഞതും ഇടുങ്ങിയതുമായ ഒരു സമൂഹമാണ് കേരളം. അവരുടെ തുറസ്സുകളെ സംബന്ധിച്ച ഉട്ടോപ്യയിലേക്കാണ് സത്യത്തില്‍ മഞ്ഞുകാലത്തെ ഈ കുടിയേറല്‍ . ആണ് - പെണ് ബന്ധങ്ങളെ നിര്‍വ്വചനക്കല്ലറയില്‍ ഒതുക്കാതെ ഉറക്കം വരാത്ത ഞരമ്പു രോഗികളുടെ ഒരു വലിയ വിഭാഗം ഇന്നും പൊതു സമൂഹത്തിലുണ്ട്. ഒരു ലിബറല്‍ കമ്യുണിറ്റിയെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മാത്രമേ മലയാളിക്ക് സാധ്യമാവൂ. കാരണം നമുക്ക് ഒരുപാട് മതങ്ങളുണ്ട്. ഹിന്ദു മതം, ക്രിസ്തു മതം, ഇസ്ലാം മതം, കമ്യുണിസ്റ്റ് മതം എന്നിത്യാദി. ഈ കാവലാളുകളുടെ ഞെരിക്കലില്‍ സര്ഗ്ഗാത്മകമല്ലാതായിപ്പോയവരാണ് നമ്മള് . ഒരാണും പെണ്ണും ഒരു കാറില്‍ തനിച്ച് യാത്ര ചെയ്താല്‍ , ഒരു മുറിയിലേക്ക് കയറിപ്പോയാല്‍ പിന്തുടര്ന്ന് ഒറ്റുകൊടുക്കാന്‍ തോന്നുന്ന ഒരുതരം ഞരമ്പുരോഗം മലയാളിക്ക് കലശലാണ്. ഒരു പെണ്ണ് കാറിലുണ്ടെന്ന് നിയമസഭയില്‍ പ്രശ്നമുന്നയിച്ച വിപ്ലവകാരികളെ ഓര്‍ത്ത് നാം അഭിമാനം കൊള്ളുക. പുരുഷനും, സ്ത്രീയും തമ്മില്‍ ആകെ ഒരു ബന്ധമുള്ളതായേ മലയാളിക്കറിയൂ. അത് കാമമാണ്. അതുപോലും പരസ്പരം അംഗീകരിച്ചുള്ള, താല്പ്പര്യപ്പെട്ടുള്ള സര്‍ഗ്ഗാത്മകമായ ഒന്നല്ല. ലോകത്തിലെ ഏറ്റവും ലൈംഗികദാരിദ്യമുള്ള ആണുങ്ങള് ജീവിക്കുന്ന സ്ഥലം കേരളമായിരിക്കും. ഈ ദാരിദ്ര്യമാണ് ബസ്സിന്റെ മുന്‍ഭാഗത്തും, മറ്റ് തിരക്കുള്ള ഇടങ്ങളിലും മലയാളി കരഞ്ഞുതീര്‍ക്കുന്നത്.
സ്ത്രീയെയും പുരുഷനേയും സംബന്ധിച്ച വികലമായ ധാരണകള്‍ ചെറുപ്പത്തിലേ രൂപപ്പെടുത്തുന്നത് നമ്മുടെ വികലമായ വിദ്യാഭ്യാസ സമ്പ്രദായമാണ്. സ്ത്രീക്കും പുരുഷനും, പുരുഷനും പുരുഷനുമെന്നപോലുള്ള സൗഹൃദങ്ങളും കൂട്ടായ്മകളും സാധ്യമാവുമെന്ന ബോധം രൂപപ്പെടേണ്ടത് ചെറിയകാലത്തെ ക്ലാസ്സുകളില്‍ നിന്നാണ്. ഒരുമിച്ച് ഒരു ബെഞ്ചില്‍ ഇരുത്തി ഇത് സ്വാഭാവികമായി ബോധ്യപ്പെടുത്തുന്നതിനു പകരം വന്മതിലുകള് പണിത് ആണിനേയും പെണ്ണിനേയും അപ്പുറത്തും ഇപ്പുറത്തും ഇരുത്തുന്നവരാണ് നമ്മുടെ വിദ്യാഭ്യസ വിവക്ഷകരും സഞ്ചി ജീവികളും. കോഴിക്കോട്ടെ പ്ലസ് ടു വിദ്യാലയങ്ങളെ ഒന്നെടുത്തു നോക്കൂ. മോഡല്‍ ബോയ്സ്, സെന്റ് ജോസഫ് ബോയ്സ്, അച്യുതന് ബോയ്സ്, എം.എം. ബോയ്സ്, മര്‍ക്കസ് ബോയ്സ്, കാലിക്കറ്റ് ഗേള്‍സ്, ബി.ഇ.എം. ഗേള്‍സ്, നടക്കാവ് ഗേള്‍സ്, ഗണപത് ഗേള്‍സ്, മര്‍ക്കസ് ഗേള്‍സ്, എന്നിത്യാദിയാണവ. മരുന്നിനുപോലുമില്ല ഒരു മിശ്രരീതി. മറ്റു നഗരങ്ങളിലേയും സ്ഥിതി പരിശോധിച്ചാല്‍ മനസ്സിലാവും. ഈ വന്‍ മതിലുകള്‍ പൊളിഞ്ഞുവീഴുന്ന കാലത്തെ ഇവിടെ ആരോഗ്യകരമായ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ രൂപപ്പെട്ടു തുടങ്ങു.
ചലച്ചിത്രോത്സവത്തില്‍ നിന്നാണ് തുടങ്ങിയത്. അവിടേക്കു തിരിച്ചുപോയി കുറിപ്പു നിര്‍ത്താം എന്നു തോന്നുന്നു. എന്തിനായിരിക്കണം ഈ മണ്ഡലകാലം ഞാന്‍ അനുഷ്ഠിക്കുന്നത്? ഒരുപാട് രാജ്യങ്ങളിലെ ജീവിതം തിരശ്ശീലയിലാണെങ്കിലും കാണാന്‍ അവിടുത്തെ പൊളിറ്റിക്സ്, സെക്സ്, പ്രണയം മനുഷ്യ ബന്ധങ്ങള്‍ ഇതൊക്കെ അറിയാന്‍ , അവിടങ്ങളിലെ ആണ് - പെണ് ബന്ധങ്ങളില്‍ അസൂയ ഉള്ളവനാവാന്‍ ? രാത്രി ഏറെ വൈകുംവരെ ചര്‍ച്ചകള്‍ നടത്താന്‍ ,ഒന്നു സൈ്വരമായും സര്‍ഗ്ഗാത്മകമായും സുരപാനം നടത്താന്‍ ? അറിയില്ല. ഒന്നു പറയാം എന്റെ ആന്തരിക ജീവിതത്തിന്റെ, ആത്മീയ യാത്രയുടെ സര്‍ഗ്ഗാത്മകതയാണ് ഈ മണ്ഡലകാലം.
True in all sense..
ReplyDeleteസഹോദരാ,
ReplyDeleteമലയാളികളുടെ സേക്ക്സിനോടുള്ള ദാരിദ്ര്യവും സ്വതന്ത്ര ചിന്തഗതിയോടുള്ള ആശയദാരിദ്ര്യവും തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്
എന്തായിത്? ഫോട്ടോ കണ്ട് ശരിക്കും ഞെട്ടി,ചെറുപ്പം കൂടിയോ?പോസ്റ്റ് നന്നായി....ഭിന്ന രുചിര്‍ഹി ലോക എന്നല്ലേ?
ReplyDeleteവിദ്യാലയങ്ങളില്‍ ആണ് പെണ് സൌഹൃദം വളര്‍ത്താന്‍ ഒരുമിച്ചു ഒരേ ബെഞ്ചില്‍ ഇരുത്താന്‍ കോഴിക്കോട്ടെ ചില വിദ്യാലയങ്ങള്‍ ശ്രമിച്ചിരുന്നു എന്നും ആ വിദ്യാലയങ്ങളിലെ അധ്യാപകരെ പരസ്യമായി തെറി വിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത് താങ്കള്‍ അറിഞ്ഞിട്ടുണ്ടായിരുന്നില്ലെന്നും മനസ്സിലായി.നമ്മുടെ നാട്ടില്‍ വ്യവസ്ഥിതിക്കെതിരെ നീങ്ങുന്നവരെ ഒറ്റപ്പെടുത്താന്‍ ഒരുപാട് ആളുകളുണ്ട്..അനുകൂലിക്കാന്‍ ആരും തയ്യാറല്ല.പഠിപ്പിക്കുന്ന പെണ്‍കുട്ടിയോട് പരസ്യമായി സംസാരിച്ചാല്‍ പോലും തുറിച്ചു നോക്കുന്നവരാണ് പരിചയക്കാര് പോലുമെന്നത് ഒരു നഗ്ന സത്യമാണ് ചങ്ങാതീ!!!
ReplyDelete