ഇവിടങ്ങളില്‍

Wednesday, July 4, 2012


മുഹബ്ബത്തിന്റെ സുലൈമാനി

എൻ. വി. മുഹമ്മദ് റാഫി
മലയാളസിനിമയിൽനിന്ന് ഇടക്കാലത്ത് നഷ്ടമായ ഒരുപാട് നന്മകളെ ഉസ്താദ്ഹോട്ടൽ ഉൾക്കൊള്ളുന്നുണ്ട്.  കരീംക്കാ എന്ന സൂഫിഭാവത്തെ സിനിമയുടെ അന്തർധാരയായി നിലനിർത്തുകയും ഇതിവൃത്തത്തിലും പരിചരണത്തിലും മേന്മയും സൂക്ഷ്മത പുലർത്തുകയും ചെയ്തതിൽ  സംവിധായകനായ അൻവർ റഷീദും സ്ക്രിപ്റ്റ് തയ്യാറാക്കിയ അഞ്ജലി മോനോനും വിജയിച്ചിട്ടുണ്ട്.  ജനപ്രിയതയെ അഭിമുഖീകരിക്കുമ്പോൾ സംഭവിക്കുന്ന ഒത്തുതീർപ്പുകൾ ചിത്രത്തിൽ അധികമില്ല എന്നുള്ളത് ഒരു മേന്മയായി എടുത്തുകാട്ടേണ്ടതുണ്ട്. പുതുകാലം നഷ്ടമാക്കിക്കൊണ്ടിരിക്കുന്ന ജീവിതസത്യങ്ങളെയും സംതൃപ്തികളെയും തുറന്നുവച്ചൊരു പുസ്തകമായി മാറ്റുന്ന പാഠ(Text)മായി ചലച്ചിത്രഭാഷ്യത്തെ ഉസ്താദ്ഹോട്ടൽ പരിവർത്തിപ്പിക്കുന്നു. 
ലോഹിതദാസിനെ പോലുള്ള ചലചിത്രകർ സാധ്യമാക്കിയിരുന്ന സത്യസന്ധമായ ജീവിതാവിഷ്കാരം ഇവിടെ തിരിച്ചുവരുന്നു.  ഇടക്കാലത്ത് വിനോദോപാധിയെന്ന നിലക്ക് മസിലുകളുടെകയും വമ്പത്തരങ്ങളുടെയും പ്രദർശനശാലയായി തിയേറ്ററുകൾ മാറിയതുകൂടിയായിരുന്നു മലയാളസിനിമ നേരിട്ട പ്രതിസന്ധികളിലൊന്ന്.  പുതിയ പരീക്ഷണങ്ങളിലൂടെയും നവസാങ്കേതികതയിലൂടെയും സിനിമ തിരിച്ചുവരുന്നൊരു കാലത്ത് തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നത് പരമപ്രധാനമായ ഒന്നു തന്നെയാണ്.  ആ അർത്ഥത്തിൽ ഉസ്താദ്ഹോട്ടൽ ശ്രദ്ധിക്കപ്പെടും.  പണാധിഷ്ഠിതവും ലാഭകേന്ദീകൃതവുമായ ജീവിതമനോഭാവങ്ങളെ തള്ളിക്കളയാനും നിർവ്യാജമായ അഭിരുചികളെ അഭിമുഖീകരിക്കുന്ന ഇടപെടലുകളെ സ്ഥാനപ്പെടുത്താനും ഈ സിനിമയിൽ ശ്രമങ്ങളുണ്ട്.  ഉസ്താദ് ഹോട്ടലിൽ കിസ്മത്തിന്റെ ബിരിയാണിയും മുഹബ്ബത്തിന്റെ സുലൈമാനിയും വിഭവപ്പെടുന്നത് അതു കഴിക്കുമ്പോൾ വയറുനിറയുന്നവർക്കല്ല, മനസ്സു നിറയുന്നവർക്കാണ്.  വ്യവഹാരങ്ങളിൽ മനസ്സു നിറയ്ക്കുമ്പോഴാണ് ജീവിതസൌന്ദര്യത്തെ മറ്റൊരാളിലേക്ക് പകർത്താൻ കഴിയുന്നത് എന്ന മൊഴി സൂഫിവര്യൻ കരീംക്കയുടെതാണ്.  കരീംക്ക എന്ന കഥാപാത്രമായി പരകായപ്രവേശം നടത്തിയ തിലകൻ അക്ഷരാ‍ർത്ഥത്തിൽ നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.  മാറിയ കാലത്തെയും ജീവിതമനോഭാവങ്ങളെയും ശുദ്ധീകരിക്കുക എന്ന സാമൂഹ്യധർമ്മം അബോധതലത്തിൽ ഈ സിനിമാപാഠം നിർവഹിക്കുന്നു.  സാമാന്യ/കേവലയുക്തികൊണ്ട് അളന്നാൽ ജീവിതത്തിൽ പരാജയപ്പെട്ട, ദുർബലരായ മനുഷ്യരാണ് കരീംക്കായും ഫൈസിയും (ദുൽക്കർ സൽമാൻ) ബാപ്പയുടെ അടുക്കൽനിന്ന് കിട്ടാത്ത സ്നേഹവും സൌഹൃദവുമെല്ലാം ഫൈസി ഊറ്റിക്കുടിക്കുന്നത് ഉപ്പുപ്പയായ കരീംക്കായിൽനിന്നാണ്.  കരീംക്ക ഫൈസിക്കു നൽകുന്നത് സ്നേഹവും പരിചരണവും മാത്രമല്ല, ഒരുപാട് നന്മകളുടെ, മുഹബ്ബത്തിന്റെ, കിസ്മത്തിന്റെ പേജുകളുള്ള തന്റെ ജീവിതപുസ്തകമാണ്.  കച്ചവടത്തിൽക്കൂടി ഒന്നും കൈപ്പിടിയിൽ ഒതുക്കാത്ത തുച്ഛമായ/ന്യായമായ ലാഭം ചുറ്റുമുള്ളവർക്ക് വീതം വെച്ച് കരീംക്ക തിരോഭവിക്കുന്നത് അജ്മീറിലെ കവാലിദർഗ്ഗകളിലെ സൂഫിവര്യനായി തീരാനല്ലാതെ തരമില്ലല്ലോ. 
            മനുഷ്യന് അവന്റെ കെട്ടുകാഴ്ചകളും ഭൌതികനേട്ടങ്ങളും പ്രധാനപ്പെട്ട ഒന്നല്ലെന്നും ആന്തരികമായ സൌന്ദര്യാത്മകതയെ സത്യസന്ധമായി ആവിഷ്കരിക്കുമ്പോൾ മാത്രമാണ് അവന് ജീവിതത്തിന്റെ സാരം പിടികിട്ടുന്നതെന്നും പറയാതെ പറയുന്നു ഈ ചിത്രം.  കോമഡിക്കുവേണ്ടിയുള്ള കോമഡിയും ഗതാനുഗതികമായ ഷോട്ടുകളും കഥാപാത്രപരിസരങ്ങളുടെ പുനഃപ്രക്ഷേപണവും  ഉത്തമനായക/നായിക ചിത്രീകരണവും മടുപ്പിച്ചു കളയുന്ന സിനിമകൾ ധാരാളമിറങ്ങുന്ന ഇക്കാലത്ത് ലളിതമായ ഇതിവൃത്തത്തെ പുതമയുള്ളതും ഹൃദ്യവുമായി അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് ുസ്താദ് ഹോട്ടലിൽ.  സിനിമ ഒരു visual media എന്ന നിലക്ക് പ്രേക്ഷകനെ ആകർഷിക്കുന്നത് അതിന്റെ കാമറ ഷോട്ടുകളിലൂടെ ആണ് .കോഴിക്കോട് കടപ്പുറത്തിന്റെ മനോഹാരിത സുക്ഷ്മമായി ഒപ്പിയെടുക്കുന്നുണ്ട് ലോകനാഥന്റെ ക്യാമറ. ഷോട്ടുകളുടെ വൈവിധ്യം [ലോങ്ങ്‌ /മിഡില്‍ /ട്രോളി ഷോട്ടുകള്‍ ]സാന്ദർഭികമായും സൌന്ദര്യാത്മകമായും ഉപയോഗിച്ചു.പശ്ചാത്തല സംഗീതവും ഗാനങ്ങളും ഹൃദ്യം.'അപ്പെങ്ങൾ എമ്പാടും  ഒറ്റയ്ക്ക് ചുട്ടമ്മായി ...'എന്ന് തുടങ്ങുന്ന ഗാനം ഒരേ വരി പതിനഞ്ചോ അതിലധികമോ തവണ ആവർത്തിക്കുന്നത് കൊണ്ടായിരിക്കും ഗാന ചിത്രീകരണം ചടുലമാക്കിയത്. മൾട്ടിപ്ലക്സ് സിനിമകളുടെ സാംസ്‌കാരിക പരിസരങ്ങളിൽനിന്നു് പുറന്തള്ളപ്പെട്ട പ്രമേയങ്ങളും ,പ്ലോട്ടുകളും ,ജീവന പരിസരങ്ങളും ഉൾക്കൊള്ളുന്ന ഒരു സിനിമ എന്ന പ്രസക്തികൂടി ഉസ്താദ്‌ ഹോടലിനുണ്ട്‌. ഫൈവ് സ്റ്റാർ ഹോട്ടലിന്റെ എം .ഡി .ആവാനുള്ള അവസരം ഉപേക്ഷിച്ചു ഷെഫ് [കുക്ക് ]ആവുന്ന ഫൈസി എത്ര കിട്ടിയിട്ടും തൃപ്തി ആവാത്ത ഫൈവ്സ്റ്റാർ എം .ഡി യുടെ മുമ്പില്‍ പച്ചക്ക് തിന്നാന്‍ പൂവന്‍ കോഴിയെ എറിഞ്ഞു കൊടുക്കുന്നത് മനപ്പുർവമാകാനെ തരമുള്ളൂ.ആർത്തിയും ആസക്തിയും മൂത്ത് എല്ലാം വെട്ടിപ്പിടിക്കാന്‍ ഇറങ്ങിയ നവജന്മി മാർക്ക് പച്ച ഇറച്ചി തിന്നലാണ് തൃപ്തി എങ്കിലൽ വയറു നിറച്ചോളൂ എന്നാണ് ആ കോഴിയേറ്.  മാനവികതയുടെ മേൽ ഏല്‍ക്കുന്ന വെട്ടുകളുടെ കാലത്ത് സൂഫി സംഗീതമാണ് ഈ ചിത്രം .പേര് നല്‍കുന്ന സുചകം വിഭവ സമൃദ്ധമായ  ഒരു തീന്മേശയിലെതാണ് .സാൾട്ട് ആന്റ് പെപ്പെർ കൈകാര്യം ചെയ്തത് പോലെ ഭക്ഷണത്തെ ഒരു വിഷയമാക്കി ഇതിൽ അവതരിച്ചു എന്ന് പറഞ്ഞു കൂടാ .അതിനെ ഒരു രൂപകമാക്കി മാറ്റാനും അത് വഴി മുഹബ്ബതിന്റെയും ഇഷ്ക്കിന്റെയും പ്രസക്തി വിളിച്ചോതാനും ഉസ്താദ്‌ ഹോട്ടലിനു സാധിച്ചു .ചെറിയ ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ,തികച്ചും അസൌകര്യമുള്ള ഇടങ്ങളില്‍ കഴിയുമ്പോള്‍ ,മറ്റുള്ളവര്‍ അഭിമാനത്തോടെ കാണാത്ത ജോലി ചെയ്യുന്നവനായി തീരുമ്പോൾ കിട്ടുന്ന തൃപ്തി ചിലപ്പോൾ ദന്തഗോപുരത്തിൽ വസിച്ചാൽ കിട്ടി എന്ന് വരില്ല. ജീവിതത്തിൽ ആത്യന്തികമായ സത്യം എന്നൊന്നില്ല .കരീംക്ക എന്ന സൂഫി വര്യൻ പറയുന്നത് തെന്നെയാണ് ഈ സിനിമ നല്‍കിയ പാഠം. സുലൈമാനി വെറും സുലൈമാനി അല്ല. അതിൽ മുഹബ്ബതിന്റെ മധുരം ചേരണം .എന്നാലേ കിട്ടുന്നവന് മനസ്സ് നിറയൂ... കാശും സമയവും ചിലവഴിച്ചു തീയറ്ററിൽ കയറുന്ന ആളുകൾക്ക് ഇഷ്ക്കിന്റെ മധുരം കലർന്ന സുലൈമാനി കൊടുക്കാൻ സാധിച്ചു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ മേന്മ .

No comments:

Post a Comment