ഫ്രൈഡേ 11 .11 .11 :
കോട്ടയം
ഏകദേശം
രണ്ടു വര്‍ഷം മുമ്പാണ് തമിഴിൽ 'എങ്കയും എപ്പോതും ' എന്ന സിനിമ ഇറങ്ങിയത്. ശരവണന്‍
ആയിരുന്നു സംവിധായകന്‍. അമീര്‍ സുല്‍ത്താന്‍, ശശികുമാര്‍, വസന്തബാലന്‍ തുടങ്ങിയവര്‍
കൊണ്ടുവന്ന നവസിനിമ പരീക്ഷണങ്ങളുടെ തുടര്‍ച്ചയായിത്തന്നെയാണ് ഇത് തമിഴില്‍
വരുന്നത്. തമിഴ് സിനിമാസൌന്ദര്യബോധത്തിന്റെ അലകും പിടിയും പുതുക്കിപ്പണിതവര്‍
ആയിരുന്നു മേല്‍സുചിപ്പിച്ച പുതു നിരക്കാര്‍. മിഷ്ക് എന്ന സംവിധായകന്‍ ഒരു പടികൂടി
മുന്നോട്ട് കടന്നു പ്രഖ്യാപിച്ചു, 'രജനിയല്ല ഏത് സൂപ്പര്‍ താരമായാലും താന്‍ നടത്തുന്ന
പ്രീ-ട്രെയിനിംഗ് ക്യാമ്പില്‍ പങ്കടുക്കുന്നവരെ മാത്രമേ തന്റെ സിനിമയില്‍ കാസ്റ്റ്
ചെയ്യു' എന്ന്. പറഞ്ഞു വന്നത് മലയാള സിനിമയില്‍ ഇപ്പോള്‍ സംഭവിച്ചു
കൊണ്ടിരിക്കുന്ന പ്രമേയപരവും ആഖ്യാനപരവുമായ പരീക്ഷണങ്ങള്‍ തമിഴിന്റെ കൂടി
ചുവടുപിടിച്ചു കൊണ്ടാണ് എന്നതാണ്. 'റണ്‍ ലോല റണ്‍' എന്ന സിനിമയുടെ ആന്തരികഘടനയെ
ഉള്‍കൊണ്ടാണ് 'എങ്കയും എപ്പോതും' എന്ന സിനിമ തമിഴില്‍ ഉണ്ടാവുന്നത് എന്ന്
പറയണം. പ്രമേയപരമായ ശക്തമായ സാമ്യം ഈ ചിത്രങ്ങല്‍ക്കിടയിലുണ്ട്. എന്നാല്‍ ഈ
യുറോപ്യന്‍ ചിത്രവുമായി പ്രത്യക്ഷത്തിലുള്ള സാമ്യം ഈ സിനിമ നിഷേധിക്കുന്നുണ്ട്. പ്രമേയത്തിന്റെ
പ്രാദേശികസ്വഭാവം നിലനിര്‍ത്തിയും ഇതിവൃത്തതിലും ആഖ്യാനത്തിലും നൂതനമായ സെന്‍സിബിലിറ്റി
കൊണ്ടുവന്നുമാണ് 'എങ്കയും എപ്പോതും' ശ്രദ്ധേയമായത്. റണ്‍ ലോല റണ്‍ എന്ന
ചിത്രത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നന്നായി ഹോം വര്‍ക്ക് ചെയ്താണ് എങ്കയും
എപ്പോതും ഉണ്ടാക്കിയത്. കാലപരവും സമയപരവുമായ നീക്ക് പോക്കുകളുടെ /ആകസ്മികതയുടെ ആകെ
തുകയാണ് ജീവിതം എന്ന ദാര്‍ശനികതയെ ആഖ്യാനഭംഗി കൊണ്ട് ചലച്ചിത്ര ഭാഷ്യമാക്കി പരിവര്‍ത്തിപ്പിക്കുകയാണ്
ഈ രണ്ടു ചിത്രങ്ങളും രണ്ടു രീതിയില്‍ ചെയ്തത്. ചില കൂടിച്ചേരലുകള്‍, നാം തന്നെ നടത്തുന്ന
സമയത്തിന്റെ നീക്കുപോക്കലുകള്‍, ചില യാത്രകള്‍, ഉള്‍വിളികള്‍, പ്രവര്‍ത്തികള്‍
ഒക്കെ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ചേക്കാം. വലിയ ദുരന്തങ്ങള്‍ നമ്മില്‍ നിന്നും
ഒഴിഞ്ഞു പോയേക്കാം, തേടി വന്നേക്കാം. മറ്റൊരര്‍ത്ഥത്തില്‍ ജീവിതം അപ്രതീക്ഷിതമായ
ഒന്ന് എപ്പോഴും നമുക്കായി കാത്തുവെച്ചിട്ടുണ്ട്. അത് സൌഹൃദത്തിന്റെയും
പ്രണയത്തിന്റെയും മരണത്തിന്റെയും ഒക്കെ രൂപത്തില്‍ നമ്മെ തേടി എത്തിയേക്കാം. അനിശ്ചിതപ്പെടുത്തുന്നു
എന്നുള്ളത് ജീവിതത്തെ നീട്ടിവെക്കുന്ന നിഗൂഢതയാക്കി മാറ്റുന്നു.
എങ്കയും
എപ്പോതും എന്ന തമിഴ് ചിത്രത്തിന്റെ ചുവടു പിടിച്ചാണ് 'ഫ്രൈഡേ കോട്ടയം' എന്ന ചിത്രം
ആഖ്യാനപരമായും പ്രമേയപരമായും മുന്നേറുന്നത .
എന്നാല്‍ പ്രമേയത്തെ പ്രാദേശികവല്ക്കരിക്കാനും വ്യത്യസ്തമാക്കാനും
സംവിധായകന് സാധിച്ചിട്ടുണ്ട്. പുതു തലമുറ ചലച്ചിത്ര പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ്
ഫ്രൈഡേ കോട്ടയം. നായകനില്ല, നായികയില്ല, എടുത്തു പറയാന്‍ ഒരു കഥ പോലുമില്ല .രേഖീയമായ
ആഖ്യാനമല്ല പിന്തുടരുന്നത്. ഇതിവൃത്തത്തെ മള്‍ട്ടിനരേഷന്റെ സാധ്യതകള്‍
ഉപയോഗപ്പെടുത്തി പ്ലോട്ട് സ്പോട്ടില്‍ ഒന്നിപ്പിക്കുന്നു. ട്രാഫിക് മുതല്‍
ഇങ്ങോട്ട് കുറെ സിനിമകളില്‍ പരീക്ഷിച്ച ഈ നരേഷന്റെ സാധ്യത ഉപയോഗിച്ച് അവയുടെ തുടര്‍ച്ചയാവാന്‍
ഈ സിനിമക്ക് സാധിക്കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ഈ ചിത്രം ന്യൂജനറേഷന്‍ ക്ലീഷേ
അല്ല. ലിജിന്‍ ജോസ് എന്ന പുതുമുഖസംവിധായകനാണ് ഈ ചിത്രം ഒരുക്കിയത്. ഈ ശ്രമം
അഭിനന്ദനമര്‍ഹിക്കുന്നു. പുതിയ തലമുറയില്‍പെട്ട പ്രേക്ഷകരെ തിയറ്റരിലേക്ക്
എത്തിക്കാന്‍ സാധിക്കുന്നു എന്നത് മാത്രമല്ല, അവരുടെ സിനിമ സെന്സിബിലിറ്റിയെ
പുതുക്കി പണിതും നവീകരിച്ചും തന്നെയാണ് ഇത്തരം ചിത്രങ്ങള്‍ ഭാവുകപ്പെടുന്നത്
എന്നതും കാണേണ്ടതുണ്ട്. ഒരു ദിവസം ആലപ്പുഴ നഗരത്തില്‍ നടക്കുന്ന വ്യത്യസ്ത
സംഭവങ്ങളെ രസകരമായും കാര്യമാത്രപ്രസക്തമായും ചിത്രീകരിക്കുന്നു കോട്ടയം ഫ്രൈഡേ. കമിതാക്കള്‍
ആയ കോളേജ് വിദ്യാര്‍ഥികള്‍ (മനു, ആന്‍അഗസ്റ്റിന്‍), ചെറുമകളുടെ വിവാഹത്തിന് സ്വര്‍ണ്ണം
വാങ്ങാന്‍ അവരെ കൂട്ടി വരുന്ന കാരണവര്‍, പ്രസവിച്ചു കിടക്കുന്ന ഭാര്യയെ കാണാന്‍
വരുന്ന ഭര്‍ത്താവ്, കുഞ്ഞിനെ ദത്തെടുക്കാന്‍ വരുന്ന ദമ്പതികള്‍, ഗര്‍ഭിണിയായ
ഭിക്ഷക്കാരി, പ്രാരബ്ദക്കാരനും ബ്രാഹ്മണനുമായ ഓട്ടോ ഡ്രൈവര്‍ അങ്ങനെ കുറെപേരുടെ
ഒരു ദിവസം ആണ് സിനിമ പറയുന്നത്.... രാവിലത്തെ ബോട്ട് യാത്രയിലൂടെ നഗരത്തില്‍
എത്തുകയും തിരികെ രാത്രി അതില്‍ തന്നെ മടങ്ങുകയും ചെയ്യുന്നവര്‍. അതിനിടയിലും
ഒടുക്കവും നടക്കുന്ന സംഭവങ്ങള്‍ ഒന്നേ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഇടവേള ഇല്ലാതെ
പറഞ്ഞു തീര്‍ക്കുന്നു ഈ ചിത്രം. 'എങ്കയും എപ്പോതും' എന്ന ചിത്രത്തില്‍
ബസ്‌അപകടത്തിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം ആഖ്യാനപ്പെടുന്നതെങ്കില്‍
ഈ ചിത്രത്തില്‍ ബോട്ടപകടമായി അത് ക്ലൈമാക്സില്‍ എത്തുന്നു. ടൈറ്റാനിക് അടക്കമുള്ള
ചിത്രങ്ങളിലെ ദൃശ്യങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍ ആയി ഇത് മാറുന്നുണ്ട് എന്ന്
പറയാതിരിക്കാന്‍ ആവില്ല. പ്രമേയപരമായും ദൃശ്യപരമായും അന്യഭാഷാചിത്രങ്ങളോടുള്ള
കടപ്പാടും സാമ്യതയും തെന്നെയാണ് ഈ ചിത്രങ്ങളുടെ പരിമിതിയും സാധ്യതയും എന്ന്
പറയേണ്ടി വരും.
മെട്രോകാമനകളുടെ
പുരുഷശരീരമായും മധ്യവര്‍ഗ/ഉപരിവര്‍ഗ പ്രതിനിധാനമായും തെന്റെ സാന്നിധ്യം മള്‍ട്ടിപ്ലുക്സ്
സിനിമകളില്‍ അറിയിച്ച ഫഹദ് ഫാസില്‍ ഒരു സാധാരണക്കാരനായി ഈ ചിത്രത്തില്‍
പ്രത്യക്ഷപ്പെടുന്നുണ്ട്. അതൊരു ഇറങ്ങി വരവ് കൂടിയാണ്. ഫഹദിന്റെ വേഷം ഈ
ചിത്രത്തില്‍ പ്രത്യേകിച്ച് ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞുകൂടാ .മറ്റനേകം
കഥാപാത്രങ്ങളില്‍ ഒരാളാണ് ഫഹദും. കൊങ്കിണി ബ്രാഹ്മണനായ ഒരു ഓട്ടോതൊഴിലാളി. മുസ്ലിം
കുടുംബത്തിലെ അല്‍-അമീന്‍ എന്ന ഓട്ടോ ഓട്ടുന്ന വേഷം ഫഹദ് സാമാന്യം നന്നയിത്തന്നെ
ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ ഒരിടത്ത് ഇങ്ങിനെ പറയുന്നു .'അയാള്‍ ബ്രാഹ്മണന്‍
ആണ് പറ്റിക്കില്ല' ,'മറ്റേ ആള്‍ പറയുന്നു 'ഇപ്പോള്‍ എല്ലാ കൂട്ടത്തിലും ഉണ്ട്,
നല്ലതും ചീത്തയും'.സ്വാഭാവികം എന്ന് തോന്നുന്ന ചലനങ്ങള്‍ സ്ഥാനപ്പെടുത്തിയാണ്
കഥപാത്രങ്ങളുടെ ജീവിതം പറയുന്നത് എന്നത് ശ്രദ്ധേയമാണ് .ചലച്ചിത്രങ്ങളിലെ
മുസ്ലിം പ്രതിനിധാനങ്ങള്‍ക്ക് അടുത്ത കാലത്ത് സംഭവിച്ച മാറ്റത്തെ കൂടി ഈ ചിത്രം ഉള്‍ക്കൊള്ളുന്നുണ്ട്.
സാധാരണ ജീവിതം നയിക്കുന്ന ഏതൊരാളെയും പോലെ ഉള്ള ഒരു കാമുകനായി എത്തുന്നത്
മുനീര്‍ എന്ന ചെറുപ്പക്കാരനാണ് .പ്രൊഫഷനണലായ അഭിനയത്തിന്റെ കാലം അവസാനിച്ചു എന്ന്
പറയേണ്ടി വരും. നാടകീയ ചലനങ്ങള്‍ സിനിമയില്‍നിന്നും പുറത്താവുന്നു. കഥപാത്രങ്ങളുടെ
ഒര്ജിനാലിറ്റി കടന്നുവരാന്‍ നടനവൈഭവം ആവശ്യമില്ല എന്നുള്ളതാണ് ഈ ചിത്രങ്ങള്‍
മിക്കതും പറയുന്നത്. പ്രാദേശികതയിലേക്ക് ക്യാമറ കടന്നു വരുന്നത് പോസിറ്റീവ് ആയ
മാറ്റമാണ്. സാമുഹിക ജീവനപരിസരങ്ങളും പരിസരങ്ങളില്‍ നിന്നും വിച്ഛേദിച്ചെടുക്കാത്ത
കഥാപാത്രങ്ങളും തിരശീലയില്‍ കടന്നു വരുന്ന. അസംഭവ്യമായ, അമാനുഷികമായ ചലനങ്ങള്‍
ഇല്ല. താരത്തിന്റെ ക്ലോസ്-അപ്പ് കളികളില്ല. പല അര്‍ത്ഥത്തിലും സാമ്പ്രദായികമായ
സിനിമാസ്വാദനക്ഷമതയെ ക്ഷതമേല്പ്പിച്ചുകൊണ്ടാണ് ഇത്തരം ചിത്രങ്ങളുടെ വരവ് എന്നത് ഈ
സിനിമയെയും പ്രസക്തമാക്കുന്നുണ്ട് .
No comments:
Post a Comment